നായകന്മാര്‍ക്ക് ന്യൂ ജനറേഷന്‍ രോഗം..........
കനത്ത ദു:ഖഭാരമുണ്ടായാലുടന്‍ മൂക്കില്‍ നിന്നു ചോര വരുന്നതു പോലുള്ള ചിന്ന ചിന്ന രോഗങ്ങളേ പണ്ടൊക്കെ മലയാള സിനിമയിലെ നായകന്‍മാര്‍ക്കും നായികമാര്‍ക്കും ഉണ്ടായിരുന്നുള്ളൂ. പൊടി വട്ട്, അലെ്ലങ്കില്‍ അപസ്മാരം, കൂടിപ്പോയാല്‍ ഒരു കാന്‍സര്‍...അവിടം കൊണ്ടു തീര്‍ന്നിരുന്നു നായക രോഗങ്ങള്‍.
കാലത്തിനനുസരിച്ച മാറ്റം രോഗങ്ങളിലും വരുത്തി ഇത്തരം സിനിമകള്‍ ഇപ്പോഴുമിറങ്ങുന്നു. ചില തിരൈപ്പടങ്ങളില്‍ നായകന്‍ രോഗി, ചിലതില്‍ നായിക രോഗി , ഇനിയും ചില സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളൊക്കെ രോഗികള്‍...അങ്ങനെ രോഗം പ്രമേയമാക്കി എത്രയെത്ര സിനിമകള്‍!
രോഗസിനിമകളില്‍ ഏറ്റവും പുതിയ പടമാണ് നോര്‍ത്ത് 24 കാതം. ഒബ്സസീവ് കംപല്‍സീവ് ഡിസോഡര്‍ എന്ന രോഗമാണ് ഇതിലെ നായക കഥാപാത്രമായ ഹരികൃഷ്ണന്. ഇദ്ദേഹത്തിന്‍റെ സ്വഭാവത്തില്‍ ചില്ലറ ഏറ്റക്കുറച്ചിലുള്ളവരെ എവിടെയൊക്കെയോ നമ്മള്‍ കണ്ടു മറന്നിട്ടുണ്ടാകും. ഭയങ്കര വൃത്തിരാക്ഷസന്‍! ഹരികൃഷ്ണനായി ഗംഭീരമായ പ്രകടനമാണ് ഫഹദ് ഫാസിലിന്‍റേത്. പഴയ യക്ഷി സിനിമയുടെ റീമേക്കായ അകം എന്ന ചിത്രത്തിലും ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രം രോഗിയാണ്. ആസിഡ് വീണു മുഖം പൊള്ളിപ്പോകുന്ന കെമിസ്ട്രി അധ്യാപകനു വട്ടായി സ്വന്തം ഭാര്യ യക്ഷിയാണെന്നു തോന്നും. അവസാനം അയാള്‍ അവളെ കൊന്നു കളയുന്നു.
മുംബൈ പൊലീസില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആന്‍റണി മോസസ് അപകടത്തില്‍ പെട്ട് ഒാര്‍മ നഷ്ടപ്പെടുന്ന ആളാണ്. ജോലിയും സൗഹൃദങ്ങളും ഒക്കെ മറന്നുപോകുന്ന ആന്‍റണിക്ക് തന്‍റെ വ്യക്തിത്വം പോലും നഷ്ടപ്പെടുന്നുണ്ട്. പിന്നീട് ചിലതൊക്കെ തിരിച്ചു പിടിക്കുമെങ്കിലും പഴയ ആന്‍റണി മോസസ് തിരിച്ചു വരുന്നേയില്ല.
ഈ അടുത്ത കാലത്തില്‍ മുരളി ഗോപി അവതരിപ്പിക്കുന്ന അജയ് കുര്യന്‍ എന്ന കഥാപാത്രം ലെെഗികശേഷി നഷ്ടപ്പെട്ട ആളാണ്. അതിനു കാരണക്കാരന്‍ ഒരു സര്‍ദാര്‍ജിയായതിനാല്‍ ഈ കഥാപാത്രത്തിനു ഹിന്ദി കേള്‍ക്കുന്പോഴും ഹിന്ദിക്കാരെ കാണുന്പോഴും ദേഷ്യം വരും.പുതിയ മുഖത്തിലെ പൃഥ്വിരാജിനു സിനിമയിലെ ഡോക്ടറുടെ അഭിപ്രായത്തില്‍ ‘ഫ്ളാഷ്ബാക്ക് ഫിനോമിനന്‍ എന്ന രോഗമാണ്. സീനിയേഴ്സില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച റക്സ് ഇമ്മാനുവലും രോഗി തന്നെ. ആണ്‍കുട്ടികളോടു ‘കൂടുതല്‍ മിണ്ടുന്ന പെണ്‍കുട്ടികളെ കണ്ടാലുടന്‍ റക്സ് ഇമ്മാനുവല്‍ അവരെ തട്ടിക്കളയും.
ഇപ്പറഞ്ഞതൊക്കെ ന്യൂജനറേഷന്‍ കഥ. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമെല്ലാം എത്രയോ രോഗികളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമാരോഗങ്ങളില്‍ ഏറ്റവും റേറ്റിങ്ങുള്ളതു മറവിക്കു തന്നെയാകുന്നു. പത്മരാജന്‍റെ ക്ലാസിക്കുകളിലൊന്നായ ഇന്നലെയിലൂടെയാണ് അംമ്നീഷ്യ രോഗം മലയാളിക്കു സുപരിചിതമായത്. തന്മാത്രയിലെ രമേശന്‍ നായരായിരിക്കും മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച മറവി രോഗി. താളവട്ടം, വടക്കുംനാഥന്‍, അലക്സാണ്ടര്‍ ദ് ഗ്രേറ്റ് (ബുദ്ധി കൂടി വട്ടാകുന്നയാള്‍) എന്നിവ മോഹന്‍ലാലിന്‍റെ രോഗച്ചിത്രങ്ങളില്‍ ചിലതു മാത്രം.
മമ്മൂട്ടിയുടെ രോഗികളില്‍ ഏറ്റവും പുതിയ ആള്‍ ജവാന്‍ ഒാഫ് വെള്ളിമലയിലെ എക്സ് മിലിട്ടറിക്കാരനാണ്. അണക്കെട്ടിനു കാവല്‍ നില്‍ക്കുന്പോള്‍ പാതിരാത്രിയില്‍ പ്രേതത്തെ കണ്ടുവെന്നു തോന്നുന്നത് ഒരസുഖം തന്നെ. സുകൃതത്തിലെ രവിശങ്കര്‍, തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്, അയ്‌യര്‍ ദ് ഗ്രേറ്റിലെ സൂര്യനാരായണ അയ്‌യര്‍, സൂര്യമാനസത്തിലെ പുട്ടുറുമീസ്, സിദ്ധാര്‍ഥ അങ്ങനെ എത്രയെത്ര രോഗികളുണ്ടെന്നോ മമ്മൂട്ടിയുടെ അക്കൗണ്ടില്‍.
ദിലീപ് അവതരിപ്പിച്ച രോഗികളിലധികവും അതീവ രസികന്മാരായിരുന്നു. തിളക്കത്തിലെ മുണ്ടൂരാനെ മലയാളി പ്രേക്ഷകനു മറക്കാന്‍ കഴിയുമോ? ഒരു ഷോക്കില്‍ സ്ഥിരബുദ്ധി നഷ്ടപ്പെടുന്ന ഉണ്ണിക്ക് പഴയ ആളായി മാറാന്‍ മറ്റൊരു ഷോക്ക് വേണ്ടി വരുന്നു. പച്ചക്കുതിരയിലെ ആകാശ് മേനോനാണു ദിലീപിന്‍റെ മറ്റൊരു രോഗി. ചാന്തുപൊട്ടിലെ രാധയെയും ചക്കരമുത്തിനെയും രോഗികളുടെ ഗണത്തില്‍പ്പെടുത്താനാകിലെ്ലങ്കിലും അവരൊന്നും അത്ര നോര്‍മലാണെന്നും പറയാനാവില്ലലേ്ലാ?
കളിയാട്ടത്തിലെ സുരേഷ്‌ഗോപിക്കു വസൂരിയുണ്ട്. വസൂരിക്കലയുള്ള ആ മുഖത്തെയാണു മഞ്ജു വാരിയര്‍ പ്രണയിക്കുന്നതും. ബ്ളാക്ക് ക്യാറ്റ് എന്ന വിനയന്‍ ചിത്രത്തില്‍ കടലില്‍ വീണ് ഒാര്‍മ നഷ്ടപ്പെട്ട പൊലീസുകാരനായാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്.
മള്‍ട്ടിപ്പിള്‍ പഴ്സനാലിറ്റി ഡിസോര്‍ഡര്‍ പ്രമേയമാക്കിയ ക്ലാസിക് സൈക്കോ ത്രില്ലര്‍ മണിച്ചിത്രത്താഴ്, ബിജു മേനോന്‍റെ കഥാപാത്രത്തിനു ബുദ്ധി കൂടി വട്ടാകുന്ന ഭരതന്‍, മകള്‍ക്ക്(ശോഭന), ഉള്ളടക്കം(അമല), നോക്കെത്താദൂരത്ത്(നദിയാ മൊയ്തു) രോഗം കാണികളുടെ കണ്ണു നനയിച്ച ചിത്രങ്ങളായ ആകാശദൂത്, മിന്നാരം...അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ കഥ ഇനിയും നീട്ടേണ്ടി വരും.
ബാല്‍ക്കണി • വടക്കുനോക്കിയന്ത്രത്തെയും മേല്‍പ്പറഞ്ഞ ചിത്രങ്ങളുടെ കൂട്ടത്തില്‍പ്പെടുത്താവുന്നതു തന്നെയാണ്. പക്ഷേ, സിനിമ അവസാനിച്ചിട്ടും തളത്തില്‍ ദിനേശന്‍ വീണ്ടും ജാരനെ പിടിക്കാന്‍ ഇറങ്ങുന്നുണ്ടെന്നതിനാല്‍ ആ സംശയരോഗിയെ ബാല്‍ക്കണിയിലിരുത്തിയെന്നു മാത്രം.
COURTSEY;MALAYALAMANORAMA ONLINE
No comments:
Post a Comment